ഏഷ്യ കപ്പ്: കലാശപ്പോരിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്
Sunday, July 28, 2024 2:59 PM IST
ധാംബുള്ള: വനിത ഏഷ്യ കപ്പ് ട്വന്റി 20 ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യ സെമി കളിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്. അതേസമയം ശ്രീലങ്ക അച്ചിനി കുലസൂര്യയ്ക്കു പകരം സച്ചിനി നിസൻസലയെ ടീമിൽ ഉൾപ്പെടുത്തി.
ഹർമപ്രീത് കൗർ നയിക്കുന്ന ഇന്ത്യയും ചാമരി അട്ടപ്പട്ടു നയിക്കുന്ന ശ്രീലങ്കയും ഒരു മത്സരവും തോൽക്കാതെയാണു ഫൈനലിലെത്തിയത്.
ഇന്ത്യയുടെ തുടർച്ചയായ ഒന്‍പതാമത്തെ ഫൈനലാണ്. ഇതിൽ എട്ടു തവണ ജേതാക്കളായി. 2022ലും ഇന്ത്യ- ശ്രീലങ്ക ഫൈനലായിരുന്നു. അന്ന് 20 ഓവറിൽ ഒന്‍പത് വിക്കറ്റിന് 65 റണ്‍സ് നേടിയ ശ്രീലങ്കയുടെ ലക്ഷ്യം 8.3 ഓവറിൽ രണ്ടു വിക്കറ്റുകൾ മാത്രം നഷ്ടമാക്കി ഇന്ത്യ മറികടന്നു.
ആ കനത്ത പരാജയത്തിന്റെ നാണക്കേട് സ്വന്തം കാണികളുടെ മുന്നിൽ കപ്പുയർത്തി തിരുത്താനാണു ലങ്ക ഇറങ്ങുന്നത്. ഇന്ത്യയാണെങ്കിൽ ഏഷ്യാകപ്പിൽ തുടരുന്ന അപ്രമാദിത്വം തുടരാനാണ് ഇറങ്ങുന്നത്.