സിപിഎമ്മിന്റെ തകര്‍ച്ചയ്ക്ക് കാരണം ഇപ്പോഴത്തെ നേതാക്കൾ: ആഞ്ഞടിച്ച് സികെപി
Saturday, July 27, 2024 10:17 PM IST
കണ്ണൂർ: സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ സംസ്ഥാന കമ്മിറ്റി അംഗം സി.കെ.പി. പത്മനാഭൻ. ജനങ്ങൾ വെറുക്കുന്ന അവസ്ഥയിലേക്ക് പാർട്ടിയെ എത്തിച്ചത് നേതാക്കളാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെട്ടിത്തുറന്നത്.
അച്ചടക്ക നടപടി നേരിട്ട് പന്ത്രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹം മനസ്തുറന്നത്. കേരളത്തിലെ സിപിഎമ്മിന്റെ തകര്‍ച്ചയ്ക്ക് കാരണം ഇപ്പോഴത്തെ നേതാക്കളാണ്. തനിക്ക് എതിരായ അച്ചടക്ക നടപടിക്ക് പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയാണ്. വിഭാഗീയതയുടെ ഭാഗമായ പ്രതികാര നടപടിയാണ് തന്റെ മേൽ കെട്ടിവെച്ചതെന്നും സികെപി പറഞ്ഞു.
തന്റെ ആരോഗ്യ പ്രശ്നങ്ങള്‍ പോലും പാര്‍ട്ടിയുടെയും ചില നേതാക്കളുടെയും സംഭാവനയാണ്. തനിക്ക് എതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് പ്രകൃതി നല്കുന്ന തിരിച്ചടിയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഒരു സഖാവ് എന്ന് നിലയില്‍ പറയാന്‍ പാടില്ലെങ്കിലും ഈ നേതാക്കളുടെ അവസ്ഥയില്‍ താന്‍ സന്തോഷിക്കുന്നു എന്നും സികെപി പറയുന്നു.
ഒരു വിപ്ലവ പ്രസ്ഥാനത്തെ സംബന്ധിച്ച് നേതൃത്വം വളരെ പ്രധാനമാണ്. 1957 ലെ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധികാലത്ത് ജനങ്ങളെ ആകര്‍ഷിക്കുന്ന മാതൃകയായ തീരുമാനങ്ങള്‍ കൈക്കൊണ്ടു. അത് ഇന്നുണ്ടാകുന്നില്ല.
സാമ്പത്തിക പ്രയാസമുണ്ടായപ്പോൾ ഇഎംഎസും മന്ത്രിമാരും ശമ്പളം പകുതിയാക്കിയതുപോലുള്ള മാതൃകകളാണ് ജനം പ്രതീക്ഷിക്കുന്നത്. ടി.പി. ചന്ദ്രശേഖരനെ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം മുന്നോട്ടുവച്ച ആര്‍എംപി എന്ന് പ്രസ്ഥാനം വളര്‍ന്നു.
ഒരു ആശയം രൂപം കൊണ്ടാല്‍ അതില്ലാതാക്കാന്‍ കഴിയില്ലെന്നത് മാര്‍ക്സിയന്‍ തിയറിയാണെന്നും ആര്‍എംപിയെ ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു. പി. ശശിക്ക് എതിരെ ഉണ്ടായിരുന്ന ആരോപണങ്ങള്‍ തള്ളിക്കളയാനാകുന്ന വസ്തുതയയല്ലെന്നും അദ്ദേഹം പറഞ്ഞു.