ഓപ്പറേഷൻ ഷിരൂർ; മാൽപെയ്ക്കും സംഘത്തിനും തിരച്ചിലിന് ഔദ്യോഗിക അനുമതിയില്ല
Saturday, July 27, 2024 5:02 PM IST
ബംഗുളൂരു: ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ നടത്തുന്ന ഈശ്വർ മാൽപെയ്ക്കും സംഘത്തിനും ഔദ്യോഗിക അനുമതിയില്ല. ഗംഗാവാലിയിലെ അടിയൊഴുക്ക് ശക്തമായതിനാലാണ് ഔദ്യോഗിക അനുമതി നൽകാത്തത്.
സ്വന്തം ഉത്തരവാദിത്വത്തിൽ തിരച്ചിൽ നടത്താനാണ് നിർദേശം ലഭിച്ചത്. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ഇടപെട്ടാണ് മുന്നോട്ട് പോകാൻ നിർദേശം നൽകിയത്.
അടിയന്തിര സാഹചര്യമുണ്ടായാൽ ഇടപെടാൻ നേവിക്ക് നിർദേശം കളക്ടർ നൽകിയിട്ടുണ്ട്. നദിയിൽ നേവി സുരക്ഷയൊരുക്കും. മുള കുത്തി നിർത്തി അതിൽ ഊർന്ന് താഴേക്കിറങ്ങുന്നതാണ് സ്കൂബാ ടീമിന്റെ രീതി.
ഒഴുക്കുള്ള സ്ഥലങ്ങളിൽ ഇത്തരത്തിൽ ചെയ്യാറുണ്ട്. ഇതിനായി മുളകൾ ഗംഗാവാലിയിൽ എത്തിച്ചിട്ടുണ്ട്. അർജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പർ ഫോറിലാണ് പരിശോധനകൾ നടക്കുന്നത്. മൂന്ന് തവണ ഡൈവ് നടത്തിയെങ്കിലും കാര്യമായൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നാലാം ഘട്ട പരിശോധനകൾ പുരോഗമിക്കുകയാണ്.
അതേസമയം, പുഴയിലിറങ്ങിയ ഈശ്വർ മാൽപെയുടെ വടം പൊട്ടി. ഈശ്വര്‍ മാല്‍പെ മൂന്ന് തവണ പുഴയില്‍ മുങ്ങി പരിശോധന നടത്തിയിരുന്നു.
മൂന്നാം തവണ ഇറങ്ങിയപ്പോൾ ശക്തമായ അടിയൊഴുക്ക് മൂലം ദേഹത്ത് ബന്ധിച്ചിരുന്ന വടംപൊട്ടി ഒഴുകിപ്പോയി. ഇദ്ദേഹത്തെ പിന്നീട് സുരക്ഷിതമായി തിരികെയെത്തിച്ചു. തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും ദൗത്യം പൂർത്തിയാക്കുമെന്നും മാൽപെ പറഞ്ഞതായി ഷിരൂരിലുള്ള എം.വിജിന് എംഎല്‍എ പറഞ്ഞു.
ഉഡുപ്പിക്ക് സമീപം മാൽപെയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ് നേവിയുടെ മുങ്ങൽവിദഗ്ധർക്കൊപ്പമുള്ളത്. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ള ആളുകളാണ് ഇവർ. സമാനമായ മറ്റ് പല ദൗത്യത്തിലും ഇവർ പങ്കെടുത്തിട്ടുണ്ട്.
നേവിയുടെ സ്കൂബ സംഘത്തിന് പുഴയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യങ്ങളാണ് മറ്റ് മാർഗങ്ങളും പരിശോധിക്കുന്നത്.