കുപ്വാരയില് പാക് സൈന്യത്തിന്റെ ആക്രമണം; ഒരാളെ വധിച്ചു; സൈനികന് വീരമൃത്യു
Saturday, July 27, 2024 10:59 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുപ്വാരയില് നിയന്ത്രണരേഖയ്ക്ക് സമീപം പാക് സൈന്യത്തിന്റെ ആക്രമണം പരാജയപ്പെടുത്തി ഇന്ത്യ. ഏറ്റുമുട്ടലില്‍ പങ്കെടുത്ത സുരക്ഷാ സൈനികരില്‍ ഒരാള്‍ വീരമൃത്യു വരിച്ചു.
മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കം നാല് സൈനികര്‍ക്ക് പരിക്കുണ്ട്. ഇന്ന് രാവിലെയാണ് നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള പ്രദേശത്ത് ആക്രമണമുണ്ടായത്.
പാക്കിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് ആക്രമണം നടത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാളെ സുരക്ഷാസേന വധിച്ചു.
പ്രദേശത്ത് അമ്പതോളം ഭീകരരുടെ സാന്നിധ്യം ഉണ്ടെന്നും തിരച്ചില്‍ പുരോഗമിക്കുകയാണെന്നും സൈന്യം നേരത്തേ അറിയിച്ചിരുന്നു. ഭീകരരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാക് സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്നും സൈന്യം വ്യക്തമാക്കി.