സിനിമാ ഷൂട്ടിംഗിനിടെയിലെ അപകടം; പോലീസ് കേസെടുത്തു
Saturday, July 27, 2024 9:20 AM IST
കൊച്ചി: സിനിമാ ഷൂട്ടിംഗിനിടെ അപകടമുണ്ടായ സംഭവത്തില്‍ പോലീസ് കേസെടുത്തു. അമിതവേഗത്തില്‍ വാഹനം ഓടിച്ചതിനാണ് കൊച്ചി സെൻട്രൽ പോലീസ് കേസെടുത്തത്.
കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ നടൻ അർജുൻ അശോകൻ അടക്കം അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. അർജുൻ അശോകനും സംഗീത് പ്രതാപും സഞ്ചരിച്ച കാറാണു തലകീഴായി മറിഞ്ഞത്.
കൊച്ചി എംജി റോഡിൽ വച്ചു പുലർച്ചെ 1.45നാണ് സംഭവം. അപകടത്തിൽപെട്ട കാർ ബൈക്കുകളിലും തട്ടി. ബൈക്കുകൾക്കും കേടുപാടുണ്ട്. സിനിമാ താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
പോലീസ് സ്ഥലത്തെത്തിയാണ് കാർ റോഡിൽനിന്ന് മാറ്റിയത്. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം.