"കടുവകളെ' വീഴ്ത്തി; വനിതാ ഏഷ്യാകപ്പിൽ ഇന്ത്യ ഫൈനലിൽ
Friday, July 26, 2024 5:08 PM IST
ധാംബുള്ള: വനിതാ ഏഷ്യാകപ്പിൽ ബംഗ്ലാദേശിനെ പത്തുവിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. സ്കോർ: ബംഗ്ലാദേശ് 80/8. ഇന്ത്യ 83/0(11). ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 80 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ11 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. ബംഗ്ലാദേശിനായി 32 റൺസ് നേടിയ ക്യാപ്റ്റൻ നിഗാർ സുൽത്താന മാത്രമാണ് തിളങ്ങിയത്. 19 റൺസ് നേടിയ ഷോർണ അക്തറും മികച്ച പ്രകടനം പുറത്തെടുത്തു.
ഇന്ത്യക്കായി രേണുകാ സിംഗ് നാല് ഓവറിൽ ഒരു മെയ്ഡനടക്കം 10 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. രാധാ യാദവ് നാല് ഓവറിൽ 14 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ്വീശിയ ഇന്ത്യയ്ക്കായി ഷഫാലി വർമ്മയും സ്മൃതി മന്ദാനയും മികച്ച പ്രകടനം പുറത്തെടുത്തു. ഷഫാലി വർമ്മ 26 റൺസും, സ്മൃതി മന്ദാന 39 പന്തുകൾ നേരിട്ട് 55 റൺസും നേടി.
രേണുകാ സിംഗിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. പാക്കിസ്ഥാൻ ശ്രീലങ്ക മത്സര വിജയികളെ കലാശപ്പോരാട്ടത്തിൽ ഇന്ത്യ നേരിടും.