നീറ്റ്: അന്തിമഫലം ഇന്നു പ്രഖ്യാപിക്കാൻ സാധ്യത
Thursday, July 25, 2024 10:28 AM IST
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ് യുജി) യുടെ അന്തിമഫലം ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. തെറ്റായ ഉത്തരത്തിനു നൽകിയ മാർക്ക് റദ്ദാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പരിഷ്കരിച്ച് ഫലം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.
പരീക്ഷയിലെ 19-ാം ചോദ്യത്തിന് ഓപ്ഷൻ രണ്ട് തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) മാർക്ക് നൽകിയിരുന്നു. എന്നാൽ, ഈ ഉത്തരം തെറ്റാണെന്ന് ഹർജിക്കാർ സുപ്രീംകോടതിയിൽ വാദിച്ചു, ഇതു പരിശോധിക്കാൻ ഡൽഹി ഐഐടിയെ കോടതി ചുമതലപ്പെടുത്തുകയും അവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓപ്ഷൻ രണ്ട് തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തു.
അതിനാൽ ഈ ഓപ്ഷൻ തെരഞ്ഞെടുത്ത 4.22 ലക്ഷം വിദ്യാർഥികൾക്ക് ഈ ചോദ്യത്തിന്റെ മാർക്ക് നഷ്ടപ്പെടും. ഇവർക്ക് നെഗറ്റീവ് മാർക്ക് നൽകേണ്ടെന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കോടതി നിർദേശമനുസരിച്ച് മാർക്ക് പുനർനിശ്ചയിക്കുന്പോൾ നിലവിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ മാറ്റം വരും.