ഗംഗാവാലി നദിക്കടിയിൽ ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് കർണാടക റവന്യു മന്ത്രി
Wednesday, July 24, 2024 4:31 PM IST
ബംഗളൂരു: ഷിരൂർ ദുന്തത്തിൽ കാണാതായ അർജുനായുള്ള തെരച്ചിൽ അവസാന ഘട്ടത്തിലേക്കെന്ന് സൂചന. ഗംഗാവാലി നദിയിൽ നടത്തിയ തെരച്ചിലിൽ ട്രക്ക് കണ്ടെത്തി. കർണാടക റവന്യൂ മന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷിരൂർ എസ്പിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
കരയിൽനിന്ന് 40 മീറ്റർ അകലെയാണ് ട്രക്ക് ഉള്ളതെന്നാണ് വിവരം. എന്നാൽ ഇത് അർജുന്റെ ട്രക്ക് ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് ഉടൻ ട്രക്ക് കരയ്ക്ക് എത്തിക്കും. കരസേനയുടെയും നാവിക സേനയുടെയും അത്യാധുനിക ഉപകരണങ്ങൾ ഒരേ സ്ഥലത്ത് തന്നെ സിഗ്നൽ കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണമെന്നാണ് വിവരം.
സിഗ്നൽ ലഭിച്ച സ്ഥലത്ത് ട്രക്കോ മറ്റ് ലോഹ ഭാഗങ്ങളോ ആകാമെന്ന് സേന പറയുന്നു. ഹൈ ടൻഷൻ വയറിന്റെ തൂണുകൾ പൊട്ടി വീണതോ ആകാമെന്ന നിഗമനത്തിലാണ് സേന.