സർക്കാരിന് തിരിച്ചടി; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് താത്കാലിക സ്റ്റേ
Wednesday, July 24, 2024 3:14 PM IST
കൊച്ചി: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് താത്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. റിപ്പോർട്ട് പുറത്താകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടുളള ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിലിന്റെ ഹർജിയിലാണ് ഉത്തരവ്. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ഹൈക്കോടതി തീരുമാനിച്ചു. ജസ്റ്റീസ് പി.എം. മനോജ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.
പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോർട്ടാണിതെന്നും ആളുകളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരൽ ചൂണ്ടുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. റിപ്പോർട്ടിൽ പ്രതിസ്ഥാനത്ത് വന്നവരെ കേട്ടിട്ടില്ലെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.
എന്നാൽ പുറത്തു വിടുന്ന റിപ്പോർട്ടിൽ ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന ഒന്നും തന്നെ ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്വകാര്യതയിലേക്ക് സൂചന നൽകുന്ന വിവരങ്ങൾ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. നീണ്ട വാദത്തിനൊടുവിലാണ് കോടതി ഒരാഴ്ചത്തേക്ക് താത്കാലിക സ്റ്റേ അനുവദിച്ചത്. അടുത്ത മാസം ഒന്നിന് ഹർജി വീണ്ടും പരിഗണിക്കും.
സിനിമ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. കൈമാറുന്ന പകര്‍പ്പില്‍ നിന്നും 49-ാം പേജിലെ 96-ാം ഖണ്ഡികയും 165 മുതല്‍ 196 വരെയുള്ള ഖണ്ഡികകളും ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. 300 പേജുള്ള ഹേമ കമ്മീഷന് റിപ്പോര്‍ട്ടിലെ 233 പേജുകള്‍ മാത്രമാണ് ഇന്ന് പുറത്തുവിടാനിരുന്നത്.
റിപ്പോർട്ട് സമർപ്പിച്ച് നാലു വർഷം ആകുമ്പോഴാണ് വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയാറായത്. നടിയെ ആക്രമിച്ച സംഭവത്തെ തുടർന്നാണ് സിനിമാ മേഖലയിലെ അസമത്വം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സംബന്ധിച്ച് പഠനം നടത്താൻ സർക്കാർ ജസ്റ്റീസ് ഹേമയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചത്.
സിനിമാ മേഖലയില്‍ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ച് അവരില്‍നിന്ന് മൊഴി അടക്കം ശേഖരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി അടക്കമുള്ളവര്‍ കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു.
റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്ല്യുസിസി അടക്കമുള്ള സംഘടനകളും പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ വ്യക്തികളെ ബാധിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ഉള്ളതിനാല്‍ ഇത് പുറത്തുവിടാന്‍ പറ്റില്ലെന്നായിരുന്നു സാംസ്കാരിക വകുപ്പിന്റെ നിലപാട്.
വിവരാവകാശ അപേക്ഷകളില്‍പോലും ഈ റിപ്പോര്‍ട്ട് കൈമാറിയിരുന്നില്ല. ഇതോടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി വിവരാവകാശ കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയിലാണ് അനുകൂല ഉത്തരവുണ്ടായത്.