കർണാടക കാണിച്ച അലംഭാവമാണ് രക്ഷാപ്രവർത്തനം ഇങ്ങനെയാക്കിയതെന്ന് കെ. സുരേന്ദ്രൻ
Wednesday, July 24, 2024 2:25 PM IST
തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ ആദ്യത്തെ മൂന്ന് ദിവസം കർണാടക സർക്കാർ കാണിച്ച അലംഭാവമാണ് അർജുന്റെ രക്ഷപ്രവർത്തനം ഈ നിലയിലാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
കർണാടക സർക്കാരിന്റെ അലംഭാവത്തിന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മറുപടി പറയണമെന്നും സുരേന്ദ്രൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആദ്യത്തെ മൂന്ന് ദിവസം മൂന്ന് ജെസിബി മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആറ് ദിവസം കഴിഞ്ഞാണ് രക്ഷാപ്രവർത്തനത്തിനു സൈന്യത്തെ വിളിച്ചത്. ബിജെപിയാണ് കർണാടക ഭരിക്കുന്നതെങ്കിൽ ഈ നാട്ടിൽ ഇപ്പോൾ എത്ര മെഴുകുതിരി പ്രതിഷേധം നടന്നേനെ. ഇന്ത്യ സഖ്യം ആയത് കൊണ്ട് പിണറായിയോ ഗോവിന്ദനോ കർണാടക സർക്കാരിനെതിരെ മിണ്ടുന്നില്ല. കേരളത്തിൽ നിന്ന് ഒരു മന്ത്രിപോലും പോയില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു.