ബൂം എസ്കവേറ്റർ എത്തി; ഗംഗാവലി നദിയിലെ മൺകൂനയിൽ തിരച്ചിൽ
Wednesday, July 24, 2024 2:15 PM IST
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനുവേണ്ടിയുള്ള തിരിച്ചിലിന് ബൂം എസ്കവേറ്റർ എത്തിച്ചു. ചൊവ്വാഴ്ച സിഗ്നൽ കണ്ടെത്തിയ ഗംഗാവലി പുഴയിലെ മൺകൂനയിലാണ് ഇന്നു വിശദമായ പരിശോധന നടത്തുന്നത്. രാവിലെ എത്തിച്ചേരേണ്ടിയിരുന്ന യന്ത്രം വാഹനത്തിന്റെ തകരാര്‍ മൂലം വൈകിയിരുന്നു.
അതേസമയം, പുഴക്കരയിലെ മണ്ണിന് ഉറപ്പില്ലാത്തതിനാൽ യന്ത്രത്തിന് നദിയുടെ കൂടുതൽ ആഴത്തിൽ തിരച്ചിൽ നടത്താൻ കഴിയുന്നില്ല. മണ്ണിടിഞ്ഞ് പുഴയിലേക്ക് വീണ ഭാഗത്ത് റഡാര്‍ ഉപയോഗിച്ച് പരിശോധനയും നടത്തുന്നുണ്ട്.
നദിയിലെ തിരച്ചിലിന് ബൂം ലെംഗ്ത് ക്രെയിനും എത്തിച്ചിരുന്നു. ഈ യന്ത്രം ഉപയോഗിച്ച് 60 അടിവരെ ആഴത്തില്‍ വരെ തിരച്ചില്‍ നടത്താനാകും. ആവശ്യമെങ്കില്‍ തിരച്ചിലിനായി ഒരു യന്ത്രം കൂടി എത്തിക്കുമെന്ന് എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.
നദിക്കരയിൽ നിന്ന് 40 മീറ്റർ അകലെ ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്.
കരയിലെ തിരച്ചില്‍ പൂര്‍ണമായി അവസാനിച്ച സാഹചര്യത്തില്‍ പുഴ കേന്ദ്രീകരിച്ച് പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കാനാണ് തീരുമാനം. ആഴത്തിൽ ലോഹ ഭാഗങ്ങൾ കണ്ടെത്താൻ സാധിക്കുന്ന ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷൻ സിസ്റ്റം ഉടൻ എത്തിക്കും.
പുഴയിലെ തെരച്ചിൽ ദുഷ്കരമായി തുടരുന്നുവെങ്കിലും ഗംഗാവലിയിലെ മൺകൂനയിൽ സൈന്യത്തിന്റെ റഡാർ പരിശോധനയിൽ ലഭിച്ച പുതിയ സിഗ്നൽ വീണ്ടും പ്രതീക്ഷ നൽകുകയാണ്.