സെക്രട്ടേറിയറ്റിൽ ഫയൽ നീക്കം നിശ്ചലമായി; ഇന്നും ഇ-ഫയലിംഗ് നടക്കില്ല
Wednesday, July 24, 2024 10:11 AM IST
തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഇ-ഫയലിംഗ് സംവിധാനം പൂർണമായി തകരാറിലായതോടെ ഇന്നും ഫയൽ നീക്കം മുടങ്ങുമെന്ന് സൂചന. ചൊവ്വാഴ്ച രാത്രി വരെ സെർവർ തകരാർ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
സെക്രട്ടേറിയറ്റിലെ 44 വകുപ്പുകളിലും ഫയൽ നീക്കം നടന്നില്ല. സെർവർ തകരാറിലായതിനെ തുടർന്നാണ് ഇ-ഫയലിംഗ് മുടങ്ങിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എൻഐസിക്കാണ് സെർവർ പരിപാലന ചുമതല. എൻഐസിയാണ് സെർവർ തകരാർ പരിഹരിക്കേണ്ടത്.
പുതിയ ഫയൽ തുറക്കുന്നതും വിവിധ വിഭാഗങ്ങളുടെ ഫയൽ പരിശോധനയും അടക്കം പ്രതിദിനം പതിനയ്യായിരത്തിലേറെ ഫയലുകളുടെ നീക്കമാണ് സെക്രട്ടേറിയറ്റിൽ നടക്കുന്നത്. ഇവിടെ ഇ ഫയലിംഗ് സംവിധാനത്തിലാണ് ഫയൽ നീക്കം.
ഇ ഫയലിംഗ് സംവിധാനം തകരാറിലായതോടെ ആയിരക്കണക്കിനു ഫയലുകളുടെ നീക്കമാണ് നിലച്ചത്. സുപ്രധാന ഫയലുകൾ വൈകുന്നതു പ്രതിസന്ധിക്കും ഇടയാക്കും. നിലവിൽ മൂന്നു ലക്ഷത്തോളം ഫയലുകൾ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നതിനിടെയാണ് വീണ്ടും ഫയൽ പ്രതിസന്ധി രൂപപ്പെട്ടത്.
ഇന്നു മന്ത്രിസഭായോഗം ചേരേണ്ടതിനാൽ ഇതിനുള്ള അജൻഡയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളടക്കം തയാറാക്കുന്നതിനും പ്രതിസന്ധി നേരിട്ടു. അജൻഡയിൽ ഉൾപ്പെടുത്തേണ്ട ഫയലുകൾ വിവിധ വകുപ്പുകളിൽനിന്നു ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണ് എത്തേണ്ടത്. ചീഫ് സെക്രട്ടറിയാണ് അജൻഡ തയാറാക്കേണ്ടത്. ഇതിനാൽ മന്ത്രിമാർക്ക് അജൻഡ വിഷയങ്ങൾ അടങ്ങിയ ഫയൽ ചൊവ്വാഴ്ച വൈകുന്നേരവും ലഭിച്ചില്ല.