മഴ ദുർബലമാകും; ഇന്ന് ഒറ്റപ്പെട്ട മഴ മാത്രം, രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്
Monday, July 22, 2024 10:29 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ മഴ ദുർബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്. ചൊവ്വാഴ്ച മുതൽ ഒരു ജില്ലകളിലും മഴമുന്നറിയിപ്പില്ല.
വടക്കൻ കേരള മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിന്നിരുന്ന ന്യൂനമർദ പാത്തിയുടെ സ്വാധീനവും കുറയുന്നതോടെയാണ് മഴ കുറയുന്നത്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
അതേസമയം, മഴ കുറഞ്ഞെങ്കിലും കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുകയാണ്.