നിപ: ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി
Sunday, July 21, 2024 8:05 PM IST
കോഴിക്കോട്: മലപ്പുറത്ത് നിപ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴ് പേരുടെ സാമ്പിളുകൾ നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആറ് പേർ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ല. പതിനാലുകാരന്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുള്ളത്. ഇവരിൽ 101 പേരെ ഹൈറിസ്ക്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 68 പേർ ആരോഗ്യ പ്രവർത്തകരാണ്.
മരിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം മരത്തിൽ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിന്റെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചു. പ്രദേശത്ത് വീടുകൾ കയറിയുള്ള സർവേ അടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.