അർജുൻ എവിടെ? ആ സിഗ്നല്‍ ലോറിയുടേതല്ല, കൂടുതൽ സ്ഥലങ്ങളിൽ റഡാർ പരിശോധന
Saturday, July 20, 2024 3:27 PM IST
ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അര്‍ജുനെ കാണാതായിട്ട് 100 മണിക്കൂറുകള്‍ പിന്നിടുമ്പോഴും ലോറി എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. ലോറിയുടെ ലൊക്കേഷന്‍ റഡാര്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് പിന്നീട് എൻഐടി സംഘം നിഷേധിച്ചു.
രാവിലെ 6.30 ഓടെയാണ് തിരച്ചിൽ ഇന്ന് പുനരാരംഭിച്ചത്. ജിപിഎസ് സിഗ്നല്‍ ലഭിച്ച സ്ഥലത്ത് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. സിഗ്നല്‍ ലോറിയുടേതായിരുന്നില്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും സംഘം വ്യക്തമാക്കി.
മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനികമായ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ചാണ് പരിശോധന തുടരുന്നത്. വന്മരങ്ങളും പാറക്കല്ലുകളും മണ്ണിനൊപ്പമുള്ളതിനാല്‍ റഡാറില്‍ സിഗ്നല്‍ ലഭിക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്. ലോറി ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലായിടത്തും പരിശോധന നടത്തുകയാണ്.
ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയും തിരച്ചിൽ നടത്തുന്നുണ്ട്. ലോറി കണ്ടെത്തിയാൽ അവിടം കേന്ദ്രീകരിച്ച് മണ്ണ് മാറ്റി പരിശോധന നടത്താനാണ് തീരുമാനം. ലോറി ഉണ്ടെന്നു കരുതുന്ന സ്ഥലത്ത് 50 അടി ഉയരത്തിൽ മണ്ണ് ഉണ്ട്. പുഴയിലും റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.