നിപ്പ സംശയം; ആരോഗ്യമന്ത്രി മലപ്പുറത്തേക്ക്; പ്രോട്ടോക്കോള്‍ നടപടികൾ തുടങ്ങി
Saturday, July 20, 2024 1:39 PM IST
തിരുവനന്തപുരം: : സംസ്ഥാനത്ത് വീണ്ടും നിപ്പ രോഗബാധ സംശയിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. രാവിലെ കോഴിക്കോട്ടാണ് യോഗം ചേർന്നത്.
നിപ്പ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികള്‍ രാവിലെ തന്നെ ആരംഭിച്ചിരുന്നു. നിപ്പ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി നേരിട്ട് മലപ്പുറത്തെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഇതിനായി മന്ത്രി മലപ്പുറത്തേക്ക് പുറപ്പെട്ടു. വൈകിട്ട് നാലിന് മലപ്പുറത്ത് വീണ്ടും യോഗം ചേരും.
അതേസമയം നിപ്പ രോഗബാധയെന്ന് സംശയത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിനാലുകാരന് ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. കുട്ടിയുമായി സമ്പര്‍ക്കത്തിലേർപ്പെട്ട മൂന്ന് പേര് നീരീക്ഷണത്തിലാണ്. നിപ്പ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് ഇവർക്ക് നിര്‍ദേശം നല്കി.
വെള്ളിയാഴ്ച രാത്രിയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ ആദ്യ സാമ്പിൾ പോസിറ്റീവ് ആയിരുന്നു. തുടർന്ന് മെഡിക്കൽ കോളജിലേക്ക് അയച്ച സാമ്പിളും പോസിറ്റീവായി. അന്തിമ ഫലത്തിനായി സ്രവ സാമ്പിള്‍ ഉടൻ പൂനെയിലേക്ക് അയയ്ക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.