"മകള്‍ക്ക് നീതി കിട്ടണം, അമിറുളിന് വധശിക്ഷ നല്‍കണം': പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ അമ്മ
Friday, July 19, 2024 12:13 PM IST
കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടി അംഗീകരിക്കാനാകില്ലെന്ന് ഇരയുടെ അമ്മ. കൃത്യമായ അന്വേഷണം നടത്തിയിട്ടല്ലേ പ്രതിയെ പിടിച്ചത്. അതിനാല്‍ ഇനി പഠനം നടത്തുന്നത് എന്തിനാണ്. തന്റെ മകള്‍ക്ക് നീതി കിട്ടണമെന്നും അതിന് പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും ഇരയുടെ അമ്മ പറഞ്ഞു.
നിയമ വിദ്യാര്‍ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഇന്നലെയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. പ്രതിക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെതിരെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ബി.ആര് ഗവായ്, സഞ്ജയ് കരോള്‍, കെ.വി. വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ സ്റ്റേ ചെയ്തത്.
പ്രതിയുടെ മാനസിക നില സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് കോടതി തൃശൂര്‍ മെഡിക്കല്‍ കോളജിനോട് നിര്‍ദേശിച്ചു. കൂടാതെ പ്രതിയുടെ ജയിലിലെ പെരുമാറ്റം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് വിയൂര്‍ ജയില്‍ അധികൃതരോടും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.
2016 ഏപ്രില്‍ 28 നായിരുന്നു നിയമവിദ്യാര്‍ഥിനി ക്രൂരമായി കൊല്ലപ്പെട്ടത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂണ്‍ 16നാണ് ആസാം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്.