കുട്ടമ്പുഴയാറ്റില് ഒഴുകിപ്പോയ കാട്ടാന ചെരിഞ്ഞു
Thursday, July 18, 2024 2:52 PM IST
കൊച്ചി: എറണാകുളം പൂയംകുട്ടി കുട്ടമ്പുഴയാറ്റില് ഒഴുകിപ്പോയ കാട്ടാന ചെരിഞ്ഞു. ഭൂതത്താന്‍ കെട്ടിന് സമീപത്തുവച്ച് ഫയര്‍ഫോഴ്സും വനംവകുപ്പും ചേര്‍ന്നാണ് ആനയുടെ ജഡം കരയ്ക്കെത്തിച്ചത്.
പെരിയാറില്‍ ജലനിരപ്പ് കൂടിയതിനെ തുടര്‍ന്ന് തുറന്ന ഭൂതത്താന്‍കെട്ടിന്റെ ഷട്ടറുകള്‍ അടച്ച ശേഷമാണ് ജഡം കരയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങിയത്. രാവിലെ എട്ടരയോടെയാണ് ബ്ലാവന ഭാഗത്തേക്ക് ആന ഒഴുകിപ്പോകുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
ഉള്‍ക്കാട്ടിലെ മലവെള്ളപ്പാച്ചിലില്‍ ആന ഒഴുകിവന്നതാണെന്നാണ് സൂചന. പുഴ മുറിച്ച് കടക്കുന്നതിനിടെ ഒഴുക്കില്‍പെട്ടതാകാമെന്നാണ് വിവരം. പിന്നീട് തല പാറക്കെട്ടില്‍ ഇടിച്ചാകാം മരണം സംഭവിച്ചതെന്നാണ് നിഗമനം.