മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകളെ വധിച്ചു
Wednesday, July 17, 2024 10:27 PM IST
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്കുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥനു പരിക്കേറ്റതായും വൻ ആയുധശേഖരം പിടിച്ചെടുത്തെന്നും അധികൃതർ പറഞ്ഞു.
വന്ദോലി ഗ്രാമത്തിന് സമീപം മാവോയിസ്റ്റുകൾ ക്യാമ്പ് ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ മാവോയിസ്റ്റുകളെ നേരിടാനായി രൂപവത്കരിച്ച സി-60 എന്ന പ്രത്യേക പോലീസ് സംഘത്തിലെ സബ് ഇൻസ്പെക്ടർ സതീഷ് പട്ടേലിനാണ് പരിക്കേറ്റത്.
പ്രദേശത്ത് ശക്തമായ തിരച്ചില്‍ ആരംഭിച്ചെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.