ബാങ്കോക്കിൽ വിദേശപൗരന്മാരുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് തായ്ലൻഡ് പ്രധാനമന്ത്രി
Wednesday, July 17, 2024 7:17 AM IST
ബാങ്കോക്ക്: ബാങ്കോക്കിലെ ഹോട്ടലിൽ ആറ് വിദേശ പൗരന്മാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തായ്ലൻഡ് പ്രധാനമന്ത്രി സ്രെത്ത തവിസിൻ അന്വേഷണത്തിന് ഉത്തരവിട്ടു. വെടിവെപ്പിനെ തുടർന്നാണ് ഇവർ കൊല്ലപ്പെട്ടതെന്ന നേരത്തെയുള്ള റിപ്പോർട്ടുകൾ പോലീസ് തള്ളിയിരുന്നു.
ചൊവ്വാഴ്ച ഒരു ഹോട്ടൽ മുറിയിൽ മൂന്ന് പുരുഷന്മാരുടെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയെന്നും മരണകാരണം സ്ഥിരീകരിച്ചിട്ടില്ലെന്നും മെട്രോപൊളിറ്റൻ പോലീസ് ബ്യൂറോ കമ്മീഷണർ തിതി സാംഗ്സവാംഗ് പറഞ്ഞു.
ഹോട്ടൽ മുറിയിൽ നിന്ന് സംശയാസ്പദമായ പദാർഥങ്ങൾ കണ്ടെത്തിയതിനാൽ സംഭവത്തിന് വിഷബാധയുമായി ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നുവെന്നും സംഭവസ്ഥലത്ത് സംഘർഷത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.