പെറുവിൽ ബസ് മറിഞ്ഞ് 26 പേർക്ക് ദാരുണാന്ത്യം; 14 പേർക്ക് ഗുരുതര പരിക്ക്
Wednesday, July 17, 2024 6:58 AM IST
ലിമ: പെറുവിൽ ബസ് മറിഞ്ഞ് 26 പേർക്ക് ദാരുണാന്ത്യം. 14 പേർക്ക് ഗുരുതര പരിക്കേറ്റു. 40-ൽ അധികം യാത്രക്കാരുമായി ലിമയിൽ നിന്ന് അയാകുച്ചോയിലെ ആൻഡിയൻ മേഖലയിലേക്ക് പോകുകയായിരുന്ന ബസ് 656 അടി ഉയരത്തിൽ നിന്നുമാണ് മറിഞ്ഞു വീണത്.
പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ബസിലെ രണ്ട് ഡ്രൈവർമാരും ഉൾപ്പെടുന്നു.
അമിതവേഗത, മോശം റോഡ്, ട്രാഫിക് അടയാളങ്ങളുടെ അഭാവം, ഡ്രൈവിംഗ് നിയമങ്ങൾ പാലിക്കാത്തത് എന്നിവ കാരണം പെറുവിൽ വാഹനാപകടങ്ങൾ നിരന്തര സംഭവമാണ്.
34 ദശലക്ഷം ആളുകളുള്ള രാജ്യത്ത് കഴിഞ്ഞ വർഷം, 87,000-ലധികം വാഹനാപകടങ്ങളിലായി 3,100-ലധികം പേർ മരിച്ചു. കഴിഞ്ഞ മേയിൽ ഇതേ റോഡിൽ സമാനമായ ബസ് അപകടത്തിൽ 17 പേർ മരിച്ചിരുന്നു.