സിദ്ധാർഥന്റെ മരണം; റിപ്പോർട്ട് ബുധനാഴ്ച ഗവർണർക്ക് കൈമാറും
Tuesday, July 16, 2024 7:30 PM IST
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ജസ്റ്റീസ് എ.ഹരിപ്രസാദ് കമ്മീഷൻ ബുധനാഴ്ച അന്വേഷണ റിപ്പോർട്ട് ഗവർണർക്ക് കൈമാറും. രാവിലെ 11.30ന് രാജ്ഭവനിലെത്തിയാണ് റിപ്പോർട്ട് കൈമാറുക.
സിദ്ധാർഥന്റെ മരണത്തിൽ സർവകലാശാലക്ക് സംഭവിച്ച വീഴ്ചകളാണ് കമ്മീഷൻ അന്വേഷിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർഥികൾ അടക്കം 28 പേരുടെ മൊഴി കമ്മീഷന് എടുത്തിരുന്നു.
കേസിൽ പ്രതികളായ വിദ്യാർഥികളും തങ്ങളെ കേൾക്കണം എന്നാവശ്യപ്പെട്ട് കമ്മീഷന്റെ മുന്നിലെത്തിയിരുന്നു. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ഇവരെ കേൾക്കാനാകില്ലെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. പ്രതികളായ വിദ്യാർഥികളുടെ മാതാപിതാക്കളുടെ മൊഴി എടുത്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിനോടനുബന്ധിച്ച ഡോർമിറ്ററിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടുദിവസം തുടർച്ചയായി സഹപാഠികളടക്കമുള്ള വിദ്യാർഥികൾ മർദിച്ചെന്നും ഇതിന്റെ തുടർച്ചയായി സിദ്ധാർഥൻ ജീവനൊടുക്കിയെന്നുമാണ് സിബിഐ കണ്ടെത്തിയത്.