റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ നിർമാണം; സംസ്ഥാന സർക്കാർ കാലതാമസം വരുത്തുന്നുവെന്ന് ആക്ഷേപം
Tuesday, July 16, 2024 12:35 PM IST
കൊല്ലം: റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ നിർമാണത്തിൽ സംസ്ഥാന സർക്കാർ കാലതാമസം വരുത്തുന്നു. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണ ചുമതലയുള്ള സംസ്ഥാന സർക്കാർ ഏജൻസിയായ കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷനും റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് കേരളയ്ക്കുമാണ് നിർമാണ ചുമതല നൽകിയിരിക്കുന്നത്.
എന്നാൽ അപ്രോച്ച് റോഡ് നിർമാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ചെലവാകുന്ന തുക സംസ്ഥാന സർക്കാർ അനുവദിക്കാത്തത് കൊണ്ടാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാത്തത്. റെയിൽവേയുടെ വിഹിതം അനുവദിച്ച് വർഷങ്ങളായിട്ടും സംസ്ഥാന സർക്കാരിന്റെ വീഴ്ച മൂലമാണ് മേൽപ്പാലത്തിന്റെ പണി നാളുവരെ തുടങ്ങാൻ കഴിയാത്തത്.
ശാസ്താംകോട്ട കരുനാഗപ്പള്ളി റോഡിലെ മൈനാഗപ്പള്ളി മേൽപ്പാലം, മാവേലിക്കര കല്ലുമല റോഡിലെ കല്ലുമല മേൽപ്പാലം, ചങ്ങനാശേരി നാലുകോടി മേൽപ്പാലം, പത്തനാപുരം കുന്നിക്കോട് റോഡിലെ ആവണീശ്വരം മേൽപ്പാലം, അമ്പലപ്പുഴ തിരുവല്ല റോഡിലെ തകഴി മേൽപ്പാലം, ഹരിപ്പാട് വീയപുരം റോഡിലെ കാരിച്ചാൽ മേൽപ്പാലങ്ങൾക്കാണ് നിലവിൽ റെയിൽവേ മന്ത്രാലയം നിലവിലുള്ള ലെവൽ ക്രോസുകൾക്ക് പകരമായി മേൽപ്പാലം നിർമ്മിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
കേരളത്തിലെ നിരവധി ദേശീയപാതകളിലും സംസ്ഥാനപാതകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിനുള്ള കാരണം ലെവൽ ക്രോസുകൾ ആണ്. പലപ്പോഴും സാങ്കേതിക തകരാർ ബാധിക്കുന്ന ലെവൽ ക്രോസ് ഗേറ്റുകൾ ശരിയാക്കാൻ ദിവസങ്ങൾ എടുക്കും.
ഇത്തരത്തിലൊക്കെ പ്രധാന പാതകളിൽ ഗതാഗത ക്ലേശം രൂക്ഷമാക്കുന്ന ലെവൽ ക്രോസുകൾക്ക് പകരം റെയിൽവേ മന്ത്രാലയം അനുവദിച്ചിട്ടുള്ള മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളുടെ സംസ്ഥാന സർക്കാർ വിഹിതം അടിയന്തരമായി അനുവദിക്കണമെന്ന് തിരുവനന്തപുരത്ത് നടന്ന റെയിൽവേ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.