നീരൊഴുക്ക് ശക്തം; പെരിങ്ങല്‍കുത്ത് ഡാം തുറന്നു
Monday, July 15, 2024 7:19 PM IST
തൃശൂർ: അതിരപ്പിള്ളി പെരിങ്ങല്‍കുത്ത് ഡാം തുറന്നു. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഡാമിലെ രണ്ട് ഷട്ടറുകള്‍ രണ്ട് അടി വീതം തുറന്നതായി ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു.
ഡാമിലെ നിലവിലെ ജലനിരപ്പ് 423.50 മീറ്റര്‍ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. അധിക ജലം ഒഴുകിവരുന്നതിനാല്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.
ചാലക്കുടി പുഴയുടെ ഇരുകരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
ചാലക്കുടി പുഴയില്‍ മത്സ്യബന്ധനത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണവും സുരക്ഷയും ഏര്‍പ്പെടുത്താന്‍ ചാലക്കുടി, വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്കി.