ജോയിയുടെ മരണം: ഹൈക്കോടതി ഇപെട്ടു; അമിക്കസ് ക്യൂറിയെ നിയമിച്ചു
Monday, July 15, 2024 5:40 PM IST
കൊച്ചി : മാലിന്യം നീക്കംചെയ്യുന്നതിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ കരാർ തൊഴിലാളി ജോയി മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്നം പരിശോധിച്ച അമിക്കസ് ക്യൂറിയോട് ആമയിഴഞ്ചാൻതോട് സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.
ജോയിയുടെ മരണം നിർഭാഗ്യകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. റെയിൽവേയുടെ സ്ഥലത്തെ മാലിന്യം റെയിൽവേ നീക്കണം. പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോർപ്പറേഷനും ഉറപ്പുവരുത്തണം.
ഓപ്പറേഷൻ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്താനും അമിക്കസ് ക്യൂറിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റീസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
അമിക്കസ് ക്യൂറിയ്ക്ക് പ്രതിഫലമായി 1.5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും കോര്‍പറേഷനും റെയിൽവേയും ചേര്‍ന്ന് നൽകണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.