പ്രതിപക്ഷ നേതാവ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു : മന്ത്രി വി.ശിവൻകുട്ടി
Sunday, July 14, 2024 10:30 PM IST
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി. കാണാതായ ആളെ കണ്ടെത്താൻ സംസ്ഥാന സർക്കാർ ആയതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്പോഴും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് സ്ഥലം സന്ദർശിക്കുക പോലും ചെയ്യാത്ത പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ആവുന്നതെല്ലാം ചെയ്യുന്നുണ്ട്.
കേരളമാകെ ദുഃഖത്തോടെ കണ്ട ഒരു സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിനായാണ് പ്രതിപക്ഷ നേതാവ് ഉപയോഗപ്പെടുത്തുന്നത്. റെയിൽവേയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം.
മന്ത്രി വീണാ ജോർജിനെ അടക്കം കുറ്റപ്പെടുത്താനാണ് ഈ ദുരന്തസമയത്തും പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് എന്നത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.