തമിഴ്നാട്ടിൽ ബിഎസ്പി നേതാവിനെ കൊന്ന കേസിലെ പ്രതിയെ പോലീസ് വെടിവച്ചു കൊന്നു
Sunday, July 14, 2024 8:00 AM IST
ചെന്നൈ: തമിഴ്നാട്ടിൽ ബിഎസ്പി നേതാവിനെ കൊന്ന കേസിലെ പ്രതിയെ പോലീസ് വെടിവച്ചു കൊന്നു. ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിനെ കൊന്ന കേസിലെ പ്രതിയും ഗുണ്ടാ നേതാവുമായ തിരുവേങ്കടത്തെ(33)യാണ് പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്.
ചെന്നൈ മാധവാരത്ത് വച്ചായിരുന്നു സംഭവം. തെളിവെടുപ്പിനായി എത്തിച്ചപ്പോൾ തിരുവേങ്കടം രക്ഷപെടാൻ ശ്രമിച്ചുവെന്നും ഇതിനിടെ വെടിവയ്ക്കേണ്ടി വന്നുവെന്നും പോലീസ് അറിയിച്ചു. തമിഴ്നാട്ടിൽ ഒരാഴ്ചയ്ക്കിടെയുണ്ടായ രണ്ടാമത്തെ ഏറ്റുമുട്ടൽ കൊലയാണിത്.
ആംസ്ട്രോങ്ങ് കൊലക്കേസിൽ 11 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ദിവസമാണ് കോടതി ഇവരെ വിട്ടുകൊടുത്തത്.
കേസിൽ ഉപയോഗിച്ച ആയുധം കണ്ടെടുക്കുന്നതിനു വേണ്ടിയാണ് ഗുണ്ടാ നേതാവ് കൂടിയായി തിരുവേങ്കടത്തെ മാധവാരത്ത് എത്തിച്ചത്. കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.