ജോയിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു; രക്ഷാപ്രവർത്തനം ഉടൻ പുനരാരംഭിക്കും
Sunday, July 14, 2024 5:41 AM IST
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തെരച്ചില്‍ ഇന്ന് രാവിലെ ആറിന് പുനരാരംഭിക്കും. തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ ശനിയാഴ്ച രാവിലെ 11നാണ് കരാർതൊഴിലാളി മാരായമുട്ടം സ്വദേശി എൻ.ജോയിയെ (47) കാണാതായത്.
റോബട്ടുകളെ എത്തിച്ചു രാത്രി നടത്തിയ തെരച്ചിലിലും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു. എൻഡിആർഎഫിന്റെ നിർദേശപ്രകാരമാണ് 13 മണിക്കറിലെറെ നീണ്ട രക്ഷാപ്രവർത്തനം രാത്രി അവസാനിപ്പിച്ചത്. രാവിലെ ആറിന് തെരച്ചിൽ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കേരള സര്‍ക്കാരിന്റെ ജൻറോബോട്ടിക്സിൽ നിന്നുള്ള രണ്ട് റോബോട്ടുകളെ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ജോയിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അധികൃതർ പറഞ്ഞു. ഒരു റോബോട്ട് ജോയിയെ കാണാതായ സ്ഥലത്തുനിന്ന് അകത്തേക്ക് ഇറക്കി. മറ്റൊന്ന് റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ പാളത്തിന് സമീപത്തെ മാൻഹോളിലും പരിശോധന നടത്തി.