സിംബാബ്വെയ്ക്കെതിരെ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റ് ജയം
Saturday, July 13, 2024 8:02 PM IST
ഹരാരെ: സിംബാബ്വെയ്ക്കെതിരായ നാലാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റ് ജയം. ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരന്പര 3-1ന് സ്വന്തമാക്കി. യശ്വസി ജയ്സ്വാളിന്റെ മിന്നും പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.
സിംബാബ്വെ ഉയർത്തിയ 153 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 15.2 ഓവറിൽ മറികടന്നു. ഓപ്പണർ യശ്വസി ജയ്സ്വാൾ തകർത്ത് അടിച്ചപ്പോൾ നായകൻ ശുഭ്മാൻ ഗിൽ ഉറച്ച പിന്തുണയും നൽകി.
ജയ്സ്വാൾ 53 പന്തിൽ 13 ഫോറും രണ്ട് സിക്സും ഉൾപ്പെടെ 93 റണ്‍സെടുത്തു. ഗിൽ 39 പന്തിൽ ആറ് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 58 റണ്‍സും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 152 റണ്‍സെടുത്തു. സിംബാബ്വെയ്ക്കായി ഓപ്പണറുമാരായ വെസ്ലി മദേവേരെയും ടി. മരുമണിയും മികച്ച തുടക്കമാണിട്ടത്.
മദേവേരെ 24 പന്തിൽ 25 റണ്‍സും മരുമണി 31 പന്തിൽ 32 റണ്‍സും നേടി. ഇരുവരും ചേർന്ന് 63 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തു. മരുമണിയെ പുറത്താക്കി അഭിഷേക് ശർമയാണ് ഈ കൂട്ടുകെട്ട് തകർത്തത്. പിന്നാലെ മദേവേരെയെ ശിവം ദുബെ പവലിയൻ കയറ്റി.
പിന്നീട് നായകൻ റാസ സിംബാബ്വെ ഇന്നിംഗിന്റെ നിയന്ത്രണം ഏറ്റെടുത്തു. 28 പന്തിൽ 46 റണ്‍സെടുത്ത റാസയെ തുഷാർ ദേശ്പാണ്ഡെ വീഴ്ത്തി. ഇതോടെ സിംബാബ്വെയുടെ പോരാട്ടവും നിലച്ചു. പിന്നീട് ആർക്കും പിടിച്ചു നിൽക്കാനായില്ല. ഇന്ത്യക്കായി ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.