ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത;12 ജില്ലകളില്‍ മുന്നറിയിപ്പ്
Saturday, July 13, 2024 2:44 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ ശക്തമായി തുടരുന്നു.12 ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്കി. ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
ആലപ്പുഴ, പാലക്കാട് ഒഴികെയുളള ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കേരളാ തീരത്ത് ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഞായറാഴ്ച കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ജലനിരപ്പ് ഉയര്‍ന്നതോടെ കോട്ടയം മണിമല നദിയില്‍ പുല്ലക്കയാര്‍ സ്റ്റേഷനില്‍ കേന്ദ്ര ജലകമ്മീഷന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കേരള തീരത്തും, തമിഴ്നാട് തീരത്തും ഞായറാഴ്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.