അനധികൃത ട്രക്കിംഗ്; ഇടുക്കിയില്‍ കര്‍ണാടകയില്‍നിന്നുള്ള 27 വാഹനങ്ങള്‍ കുടുങ്ങി
Saturday, July 13, 2024 11:51 AM IST
ഇടുക്കി: പുഷ്പകണ്ടം നാലുമലയിലെ കുന്നിന്മുകളില് കനത്ത മഴയേ തുടര്‍ന്ന് വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ കുടുങ്ങി. കര്‍ണാടകയില്‍നിന്ന് ഓഫ് റോഡ് ട്രക്കിംഗിനായി എത്തിയ 27 വാഹനങ്ങളാണ് കുടുങ്ങിയത്. മഴക്കാലത്ത് ട്രക്കിംഗ് നിരോധിച്ച പ്രദേശമാണിത്.
40 അംഗ സംഘത്തിന്റെ വാഹനങ്ങളാണ് മലമുകളില്‍ കുടുങ്ങികിടക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇവര്‍ ട്രക്കിംഗിനായി പോയത്. പിന്നീട് ശക്തമായ മഴയുണ്ടായതോടെ വാഹനങ്ങള്‍ ഇതുവഴി തിരിച്ചിറക്കാന്‍ പറ്റാതെ വരികയായിരുന്നു.
പിന്നീട് വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ നടന്ന് കുന്നിറങ്ങിയ ശേഷം നാട്ടുകാരോട് സഹായം അഭ്യര്‍ഥിച്ചു. നിലവിൽ സമീപത്തെ റിസോര്‍ട്ടുകളില്‍ ഇവര്‍ക്ക് താമസസൗകര്യം ഒരുക്കുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും മോട്ടോര്‍ വാഹന വകുപ്പും സ്ഥലത്തെത്തിയിട്ടുണ്ട്. ട്രക്കിംഗ് നടത്തിയവര്‍ക്കെതിരേ കര്‍ശനമായ നടപടിയുണ്ടാകുമെന്നാണ് വിവരം.