കണ്ണൂരിലെ കമ്യൂണിസ്റ്റ് പാർട്ടി തസ്കര സംഘങ്ങളുടെ താവളം: എം.എം. ഹസൻ
Friday, July 12, 2024 11:19 PM IST
കണ്ണൂർ: പിണറായിയിൽ ജന്മമെടുത്ത കമ്യൂണിസ്റ്റ് പാർട്ടി ഇന്ന് തസ്കര സംഘങ്ങളുടെ താവളമായി മാറിയെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. പാർട്ടിയിലെ ഏറ്റവും സന്പന്നരുള്ള ജില്ലയായി കണ്ണൂർ മാറി. എന്നാൽ സാധാരണ ജനങ്ങൾക്ക് ഇവിടെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
നല്ലതായാലും ചീത്തയായാലും എന്ത് പരിപാടി നടത്തുന്നതിനും ക്വട്ടേഷൻ സംഘത്തിന്റെ സഹായം ആവശ്യമായിരിക്കുന്നു. മട്ടന്നൂർ വിമാനത്താവളം കമ്യൂണിസ്റ്റ് സ്വർണ കള്ളക്കടത്തുകാരുടെ കേന്ദ്രമായി മാറിയെന്നും ഡിസിസി ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ എം.എം. ഹസൻ ആരോപിച്ചു.
ജയരാജൻമാരോ എം.വി. ഗോവിന്ദനോ അല്ല ഇന്ന് കണ്ണൂരിലെ പാർട്ടിയെ നിയന്ത്രിക്കുന്നത്. ആകാശ് തില്ലങ്കേരിയേയും കൊടി സുനിയേയും പോലുള്ള ആളുകളാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനാണ് ഇവരെ നിയന്ത്രിക്കുന്നതെന്നും ഹസൻ ആരോപിച്ചു.