വയോധികയെ റോഡില്‍ ഇറക്കി വിട്ടു; ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
Friday, July 12, 2024 10:17 PM IST
പെരിന്തല്‍മണ്ണ: രോഗിയായ വയോധികയെയും കൂടെയുണ്ടായിരുന്ന സ്ത്രീയെയും പാതിവഴിയില്‍ ഇറക്കിവിട്ട ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ പെരിന്തല്‍മണ്ണ ആര്‍ടിഒ ഉത്തരവിട്ടു.
ഇക്കഴിഞ്ഞ എട്ടിനാണ് സംഭവം. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍നിന്നു ചികിത്സ കഴിഞ്ഞു മടങ്ങുകയായിരുന്ന അങ്ങാടിപ്പുറം സ്വദേശിനിയായ വയോധികയെയും കൂടെയുണ്ടായിരുന്ന സ്ത്രീയെയുമാണ് യാത്രക്കിടെ അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ റോഡിരികില്‍ ഇറക്കിവിട്ടത്.
യാത്ര ചെയ്യുമ്പോള്‍ ഇവരോട് ഡ്രൈവര്‍ എങ്ങോട്ടാണെന്ന് ചോദിച്ചു. അങ്ങാടിപ്പുറത്തേക്കാണെന്ന് ഇവര്‍ മറുപടി പറഞ്ഞതോടെ അവിടെ ബ്ലോക്ക് ആണെന്നും ഇരട്ടി ചാര്‍ജ് നല്‍കേണ്ടി വരുമെന്നും ഡ്രൈവര്‍ പറഞ്ഞു.
സാധാരണ നിരക്ക് തരാമെന്നു പറഞ്ഞതോടെ വയോധികയെയും കൂടെയുള്ളവരെയും റോഡില്‍ ഇറക്കി വിടുകയും തങ്ങളെ അസഭ്യം പറയുകയായിരുന്നുവെന്നാണ് പെരിന്തല്‍മണ്ണ സബ് ആര്‍ടിഒവിന് ലഭിച്ച പരാതിയിലുള്ളത്.
തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ പരാതി വ്യക്തമാണെന്നു കണ്ടെത്തിയതോടെ ആറുമാസം ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. ഇതിനു പുറമെ എടപ്പാളിലെ ഇന്‍സറ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നല്ല നടപ്പിനായി അഞ്ചുദിവസത്തെ ക്ലാസില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും നിര്‍ദേശിച്ചു.