ഡോ. പി. രവീന്ദ്രന് കാലിക്കട്ട് വിസിയുടെ ചുമതല, മന്ത്രി നൽകിയ പാനൽ തള്ളി ഗവർണർ
Friday, July 12, 2024 4:44 PM IST
കോഴിക്കോട്: കാലിക്കട്ട് സർവകലാശാലാ വിസിയുടെ ചുമതല ഡോ. പി. രവീന്ദ്രന് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡോ. എം.കെ. ജയരാജ് വിരമിക്കുന്ന ഒഴിവിലാണ് കാലിക്കട്ട് സർവകലാശാല കെമിസ്ട്രി വിഭാഗം പ്രഫസറും മുൻ സയൻസ് ഡീനുമായ ഡോ. പി. രവീന്ദ്രന് ചുമതല നൽകിയിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് ഡോ. എം.കെ. ജയരാജിന്റെ കാലാവധി അവസാനിക്കുന്നത്. എംജി, സംസ്കൃത, മലയാളം, കണ്ണൂർ സർവകലാശാലകളിൽ വിസിമാരുടെ ചുമതല ഗവർണർ നേരിട്ട് നൽകുകയായിരുന്നു.
അതേസമയം കാലിക്കട്ട് സർവകലാശാലയിൽ വിസിയെ നിയമിക്കുന്നതിനു സർക്കാർ മൂന്ന് പ്രഫസർമാരുടെ പാനൽ നൽകിയിരുന്നു. കാലിക്കട്ട് സർവകലാശാല ഫിസിക്സ് പ്രഫസർ ഡോ. പ്രദ്യുമ്നൻ, കേരള സർവകലാശാല ഹിന്ദി പ്രഫസർ ഡോ. ജയചന്ദ്രൻ, ഇംഗ്ലീഷ് പ്രഫസർ ഡോ. മീനാപിള്ള എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയ പാനലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർക്ക് സമർപ്പിച്ചത്.
സർവകലാശാല വിസി നിയമനങ്ങളിൽ മന്ത്രിയുടെയോ സർക്കാരിന്റെയോ ഇടപെടൽ പാടില്ലെന്ന സുപ്രീം കോടതി വിധി നിലനിൽക്കെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി വീണ്ടും ഗവർണർക്ക് പാനൽ സമർപ്പിച്ചത്. പ്രസ്തുത പാനൽ തള്ളിക്കൊണ്ടാണ് ഗവർണറുടെ നടപടി.