ഹോണടിച്ചത് പ്രകോപനം; ആലപ്പുഴയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞ് യുവാക്കള്‍
Friday, July 12, 2024 10:29 AM IST
ആലപ്പുഴ: താമരക്കുളത്ത് ആംബുലന്‍സിന് കുറുകെ കാറിട്ട് യുവാക്കളുടെ അഭ്യാസപ്രകടനം. കാറിലെത്തിയ ശൂരനാട് സ്വദേശികളായ സംഘമാണ് രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. സ്ട്രോക്ക് വന്ന രോഗിയുമായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോകുന്ന ആംബുലന്‍സിന് ആദ്യം സൈഡ് കൊടുക്കാതിരുന്ന യുവാക്കള്‍ പിന്നീട് വാഹനം തടയുകയായിരുന്നു.
മെത്ത വില്‍ക്കാനായി കായംകുളം ഭാഗത്തേക്ക് കാറില്‍ വന്ന യുവാക്കളാണ് അതിക്രമം കാട്ടിയത്. ആംബുലന്‍സ് ഹോണടിച്ചതാണ് യുവാക്കളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
പിന്നീട് രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം തിരികെയെത്തിയാണ് ഡ്രൈവര്‍ നൂറനാട് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.