കീം പരീക്ഷാഫലം പുറത്ത്; എന്‍ജിനിയറിംഗില്‍ ആദ്യ മൂന്നു റാങ്കും ആണ്‍കുട്ടികള്‍ക്ക്
Thursday, July 11, 2024 2:14 PM IST
തിരുവനന്തപുരം: "കീം' എൻജിനിയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. "കീം' ആദ്യ ഓൺലൈൻ പരീക്ഷയുടെ ഫലം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.
എന്‍ജിനിയറിംഗില്‍ ആലപ്പുഴ ജില്ലയിലെ പി. ദേവാനന്ദിനാണ് ഒന്നാം റാങ്ക്. ഹഫീസ് റഹ്മാന് (മലപ്പുറം), അലന് ജോണി അനില്‍ ( പാലാ) എന്നിവരാണ് തൊട്ടുപിന്നിൽ. എന്‍ജിനിയറിംഗില്‍ ആദ്യം മൂന്നും ആണ്‍കുട്ടികള്‍ സ്വന്തമാക്കി.
ആദ്യ 100 റാങ്കിൽ 13 പെൺകുട്ടികളും 87 ആൺകുട്ടികളും ഉള്‍പ്പെട്ടു. കേരള സിലബസില്‍ നിന്ന് 2,034 പേരും സിബിഎസ്ഇയില് നിന്ന് 2,785 പേരുമാണ് റാങ്ക് പട്ടികയില്‍ ഇടംനേടിയത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in ല്‍ ഫലം പരിശോധിക്കാന്‍ കഴിയും.
79,044 വിദ്യാർഥികളാണ് ജൂൺ അഞ്ച് മുതൽ പത്തുവരെ ആറു ദിവസങ്ങളിലായി നടന്ന ആദ്യ 'കീം' ഓൺലൈൻ പ്രവേശന പരീക്ഷയെഴുതിയത്. ഇവരിൽ 38,853 പെൺകുട്ടികളും 40,190 ആൺകുട്ടികളും ഉൾപ്പെടുന്നു.
ഇതിൽ 58,340 പേർ (27,524 പെൺകുട്ടികളും 30,815 ആൺകുട്ടികളും) യോഗ്യത നേടി. അതിൽ 52,500 പേരാണ് (24,646 പെൺകുട്ടികളും 27,854 ആൺകുട്ടികളും) റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ 4,261 പേർ കൂടുതലായി യോഗ്യത നേടി. പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണത്തിലും 2,829 പേരുടെ വർധനയുണ്ടായി.
ആദ്യ നൂറു റാങ്കിൽ കൂടുതൽ പേർ ഉൾപ്പെട്ടത് എറണാകുളം (24) ജില്ലയിൽ നിന്നാണ്. തിരുവനന്തപുരവും (15) കോട്ടയവുമാണ് (11) തൊട്ടുപിന്നിൽ. എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത് - 6,568 പേർ.
കീം 2024 എന്‍ജിനിയറിംഗ് പരീക്ഷ ജൂണ്‍ അഞ്ചു മുതല്‍ ഒമ്പതു വരെയും, ഫാര്‍മസി പരീക്ഷ ജൂണ്‍ ഒമ്പതു മുതല്‍ 10 വരെയുമാണ് നടന്നത്. വിവിധ ജില്ലകളിലായി 198 പരീക്ഷാ കേന്ദ്രത്തിലും ഡല്‍ഹിയില്‍ രണ്ട് പരീക്ഷാ കേന്ദ്രത്തിലും മുംബൈ, ദുബായി എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രത്തിലുമായാണ് പരീക്ഷ നടത്തിയത്.