കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം 13ന്; പ്രമോദിനെതിരേ കടുത്ത നടപടി വരും
Wednesday, July 10, 2024 10:16 PM IST
കോഴിക്കോട്: പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് 22 ലക്ഷം രൂപ കോഴ വാങ്ങിയ സംഭവം 13ന് ചേരുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആരോപണ വിധേയനായ ടൗണ്‍ എരിയാകമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടാന്‍ തീരുമാനിച്ചിട്ടുണ്ട്.
ജില്ലാ കമ്മിറ്റിയോഗം പ്രമോദിന്റെ വിശദീകരണം ചര്‍ച്ച ചെയ്യും. സ്ഥാനങ്ങളില്‍നിന്ന് നീക്കം ചെയ്യുന്നതിനപ്പുറത്തേക്കുള്ള കടുത്ത നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. കോഴ വാങ്ങിയ സംഭവത്തില്‍ കര്‍ശന നടപടിവേണമെന്ന് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷം നിയമസഭയിലും പുറത്തും സിപിഎമ്മിനെതിരേ ആഞ്ഞടിക്കാനുള്ള ആയുധമായി കോഴ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന സാഹചര്യത്തില്‍ മുഖം രക്ഷിക്കാനുള്ള വഴി തേടുകയാണ് പാര്‍ട്ടി.
കോഴ ആരോപണം സംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടിയിരുന്നു. കോഴ ആരോപണം കോഴിക്കോട് ജില്ലാ കമ്മിറ്റി ഗൗരവമായി കൈകാര്യം ചെയ്തില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതൃത്വം വിശദീകരണം തേടിയത്. ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിനു തൊട്ടുമുമ്പാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ജില്ലാ നേതൃത്വത്തിനു ലഭിച്ചത്.
വിഷയം ഗൗരവമുള്ളതാണെന്നും കടുത്ത നടപടി വേണമെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നുവന്നുവെങ്കിലും എല്ലാ വശവും പരിശോധിച്ച് തെറ്റുകാരനാണെന്ന് കണ്ടാല്‍ മാത്രമേ നടപടി എടുക്കാവൂ എന്ന് ചിലര്‍ യോഗത്തില്‍ പറഞ്ഞു. പണം വാങ്ങിയതിനു തെളിവില്ലെന്ന അഭിപ്രായം ചിലര്‍ യോഗത്തില്‍ ഉന്നയിച്ചു. ഇതോടെയാണ് പ്രമോദിനോട് വിശദീകരണം തേടിയശേഷം നടപടികളിലേക്കു കടന്നാല്‍ മതിയെന്ന് യോഗം തീരുമാനിച്ചത്.
ആരോപണം സംബന്ധിച്ച് പ്രാഥമിക അന്വേഷണത്തില്‍തന്നെ ചില പ്രശ്നങ്ങള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ജില്ലയില ഗ്രൂപ്പ് സമവാക്യം മാറിയതിനെത്തുടര്ന്നുള്ള പരാതിയാണ് ഇതെന്ന നിലപാടാണ് ജില്ലാ നേതൃത്വം ആദ്യം സ്വീകരിച്ചത്. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പാര്‍ട്ടിക്കു വന്ന പരാതി ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന കമ്മിറ്റി കൈമാറിയിരുന്നു. തുടര്‍ന്ന് ജില്ലാ കമ്മിറ്റി അന്വേഷണം നടത്തുകയും പ്രമോദിന്റെ പങ്ക് കണ്ടെത്തുകയും ചെയ്തിരുന്നു.
എന്നാല്‍, ജില്ലാ നേതൃത്വത്തിലെ ഉന്നതരുമായി അടുത്തബന്ധം പുലര്‍ത്തുന്ന പ്രമോദിനെതിരേ നടപടിയെടുക്കാന്‍ ജില്ലാ കമ്മിറ്റിക്കു കഴിഞ്ഞില്ല. ഇതാണ് ജില്ലാ കമ്മിറ്റിയുടെ വീഴ്ചയായി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ഡോക്ടര്‍ ദമ്പതികളുട പരാതി പുറത്തുവരാന്‍ ഇടയാക്കിയത് ജില്ലാ കമ്മിറ്റിയുടെ ഈ വീഴ്ച കാരണമാണ്.
ഇന്നലെ ചേര്‍ന്ന കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി യോഗം പ്രമോദിനെതിരേ നടപടി വേണമെന്ന് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ്കുമാര്‍, ജില്ലാ സെക്രട്ടറി പി. മോഹനന്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗീരീഷ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു. പ്രമോദിന്റെ മറുപടി കിട്ടിയശേഷം നടപടിയുണ്ടാകുമെന്നാണ് നേതാക്കള്‍ യോഗത്തെ അറിയിച്ചത്.