ഓസ്ട്രിയ സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്രമോദി വിയന്നയിലെത്തി
Wednesday, July 10, 2024 12:37 AM IST
വിയന്ന: രണ്ട് ദിവസത്തെ ഓസ്ട്രിയ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിയന്നയിലെത്തി. റഷ്യൻ സന്ദർശനത്തിന് ശേഷം മോസ്കോയിൽ നിന്നുമാണ് അദ്ദേഹം ഓസ്ട്രിയയിലെത്തിയത്.
40 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. 1983-ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് അവസാനമായി ഓസ്ട്രിയ സന്ദർശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലനെ സന്ദർശിക്കുകയും ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമറുമായി ചർച്ച നടത്തുകയും ചെയ്യും.
പ്രധാനമന്ത്രിയും ചാൻസലറും ഇന്ത്യയിലെയും ഓസ്ട്രിയയിലെയും വ്യവസായ പ്രമുഖരെയും അഭിസംബോധന ചെയ്യും.