അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ സിപിഎം പുറത്താക്കിയാല്‍ ബിജെപി സംരക്ഷിക്കും: കെ സുരേന്ദ്രന്
Tuesday, July 9, 2024 4:56 PM IST
തിരുവനന്തപുരം: അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദിച്ചവരെ സിപിഎം പുറത്താക്കിയാല്‍ ബിജെപി സംരക്ഷിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുതിര്‍ന്ന നേതാവ് ജി.സുധാകരനെ സിപിഎം പുറത്താക്കിയാല്‍ അദ്ദേഹത്തെ ബിജെപി ഉള്‍ക്കൊള്ളുമെന്നും ശക്തമായ നിലപാടെടുത്ത് സിപിഎമ്മില്‍ രക്തസാക്ഷികളാവുന്നവരെ ബിജെപി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം തിരുത്തലിന് ഒരുങ്ങുകയാണെങ്കില്‍ ആലപ്പുഴയിലെ കളയല്ല പിണറായിയിലെ കളയാണ് പറച്ചുകളയേണ്ടതെന്ന് സുരേന്ദ്രന് പറഞ്ഞു. അതിനുള്ള ധൈര്യം എം.വി.ഗോവിന്ദനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന ബിജെപി വിശാല സംസ്ഥാന നേതൃയോഗത്തിലായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം.
പണ്ടൊക്കെ സിപിഎമ്മില്‍ നിന്നും പുറത്താകുന്നവര്‍ അനാഥമാവുമായിരുന്നെങ്കില്‍ ഇന്ന് 20% വോട്ടുള്ള എന്‍ഡിഎ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും വര്‍ഗീയ പ്രീണന രാഷ്ട്രീയത്തെ ബിജെപി പ്രോത്സാഹിപ്പിക്കില്ലെന്നും വികസന രാഷ്ട്രീയം ഉയര്‍ത്തിയാവും എന്‍ഡിഎ ന്യൂനപക്ഷങ്ങളെ സമീപിക്കുകയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചു.
"കുടുംബാധിപത്യ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഭൂരിപക്ഷ ജനവിഭാഗത്തിന് നേരെ കയ്യോങ്ങുകയാണ് സി പി എം ചെയ്യുന്നത്. തങ്ങള്‍ക്ക് വോട്ടു ചെയ്യാത്തവരോട് പകപോക്കാനാണ് സിപിഎം ഒരുങ്ങുന്നത്.'-കെ.സുരേന്ദ്രന് പറഞ്ഞു.