തിരുവനന്തപുരത്തെ കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ലാത്തിവീശി
Tuesday, July 9, 2024 2:52 PM IST
തിരുവനന്തപുരം: കാമ്പസുകളിലെ എസ്എഫ്ഐ അതിക്രമം, മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്യു നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ നേരേ പോലീസ് ലാത്തിവീശി.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അടക്കമുള്ളവര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരേ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാന്‍ തയാറായില്ല.
രണ്ട് പോലീസുകാരുടെ കൈയിലുണ്ടായിരുന്ന ഷീല്‍ഡുകള്‍ ഇവർ തട്ടിയെടുത്തതോടെ കൂടുതല്‍ പോലീസ് പ്രവര്‍ത്തകരുടെ അടുത്തേക്ക് നീങ്ങി. ഇതിന് പിന്നാലെയാണ് ലാത്തിച്ചാര്‍ജിലേക്ക് നീങ്ങിയത്.