പിഎസ്സി കോഴയേപ്പറ്റി അറിയില്ല, റിയാസിനെ കരിവാരി തേയ്ക്കാനുള്ള ശ്രമം: പി.മോഹനൻ
Tuesday, July 9, 2024 11:48 AM IST
കോഴിക്കോട്: പിഎസ്സി നിയമന കോഴ വിവാദത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്. നിലവില്‍ ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് മോഹനന് പറഞ്ഞു.
പാര്‍ട്ടിയെയും മന്ത്രി റിയാസിനെയും കരിവാരി തേയ്ക്കാനുള്ള ശ്രമം മാത്രമാണിത്. എല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന കോലാഹലമാണെന്നും മോഹനന് വിമര്‍ശിച്ചു.
മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം ശരിയാക്കാമെന്ന് വാഗ്ദാനം നൽകി സിപിഎം ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി പണം തട്ടിയെന്ന പരാതി കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
60 ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടതെന്നും ആദ്യ ഗഡുവായി 22 ലക്ഷം രൂപ നൽകിയെന്നും പരാതിയിൽ പറയുന്നു. സിപിഎം പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോൾ പണം നൽകിയ ആളുടെ പേര് ഉണ്ടായിരുന്നില്ല.
ഇതോടെ ആയുഷ് വകുപ്പിൽ സ്ഥാനം വാഗ്ദാനം ചെയ്തു. എന്നാൽ ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആൾ പരാതിയുമായി മുന്നോട്ടുവന്നത്.