ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതികൾ ഇരയുടെ അമ്മയെ വെടിവച്ചു കൊന്നു
Tuesday, July 9, 2024 6:59 AM IST
ലക്നോ: ഉത്തർപ്രദേശിൽ ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതികൾ ഇരയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയുടെ അമ്മയെ വെടിവച്ചു കൊന്നു. മൂന്നുപേരെ പരിക്കേൽപ്പിച്ചു. ഉന്നാവോ ജില്ലയിലെ കാൺപൂരിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
പ്രതികളിൽ ഒരാളെ പിന്നീട് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പീഡനക്കേസിൽ രണ്ട് പ്രതികളും ജാമ്യത്തിലിറങ്ങി രണ്ട് മാസം തികയുന്നതിന് മുമ്പായിരുന്നു ആക്രമണം.
പ്രതികളിൽ നിന്ന് വധഭീഷണിയുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞയാഴ്ച പോലീസിനെ സമീപിച്ചിരുന്നതായി യുവതിയുടെ കുടുംബം പറഞ്ഞു. തങ്ങളുടെ പരാതിയിൽ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് യുവതി ആരോപിച്ചു.
നാടൻ തോക്കുകളും മൂർച്ചയുള്ള ആയുധങ്ങളുമായി പ്രതികൾ 20 കാരിയായ യുവതിയുടെ വീട്ടിൽ മറ്റൊരു സുഹൃത്തിനൊപ്പമാണ് എത്തിയത്. യുവതിയും ആറ് കുടുംബാംഗങ്ങളും ഉറങ്ങിക്കിടന്ന മുറിക്കുള്ളിൽ കയറിയ ഒരാൾ വെടിയുതിർത്തു. വെടിവയ്പ്പിൽ യുവതിയുടെ അമ്മ കൊല്ലപ്പെടുകയും പിതാവിനും രണ്ട് സഹോദരിമാർക്കും പരിക്കേൽക്കുകയും ചെയ്തു.
യുവതിയുടെ കുടുംബം ഫത്തേപൂർ ചൗരാസി പോലീസിൽ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്നവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഇൻസ്പെക്ടർ ജനറൽ (ലക്നോ റേഞ്ച്) പ്രശാന്ത് കുമാർ പറഞ്ഞു.
യുവതിയുടെ പിതാവിനെയും 24 കാരിയായ സഹോദരിയെയും ചികിത്സയ്ക്കായി കാൺപൂരിലെ എൽഎൽആർ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണെന്ന് റിപ്പോർട്ട്. യുവതിയുടെ 12 കാരിയായ സഹോദരി പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.
അക്രമികളിലൊരാൾ യുവതിയുടെ വീടിന് സമീപം ജീവനൊടുക്കിയെന്നും പോലീസ് അറിയിച്ചു. കള്ളക്കേസിൽ കുടുക്കിയതിന് പരാതിക്കാരിയെയും കുടുംബത്തെയും കൊല്ലാൻ പോകുകയാണെന്ന് പറയുന്ന വീഡിയോ മരിച്ച പ്രതിയുടെ മൊബൈലിൽ നിന്ന് കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. മറ്റ് രണ്ട് അക്രമികളും ഒളിവിലാണ്.
പീഡനക്കേസിൽ യുവതിയുടെ പരാതിയെ തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം ലഭിച്ച ഇരുവരും മേയ് 10ന് ജയിൽ മോചിതരായി. പ്രതികളിൽ നിന്നും ആക്രമണത്തിന് സാധ്യതയുണ്ടെന്ന് സംശയിച്ച് ജൂലൈ മൂന്നിന് ഫത്തേപൂർ ചൗരാസി പോലീസിനെ തങ്ങൾ സമീപിച്ചിരുന്നതായി യുവതി പറഞ്ഞു.
പോലീസ് തങ്ങൾക്ക് സുരക്ഷയൊരുക്കുകയോ പ്രതികൾക്കെതിരെ നടപടിയെടുക്കുകയോ ചെയ്തില്ലെന്നും യുവതി കൂട്ടിച്ചേർത്തു. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥൻ, തെറ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.