ജമ്മു കാഷ്മീരിലെ ഭീകരാക്രമണം; ശക്തമായ നടപടികളാണ് പരിഹാരമെന്ന് രാഹുൽ ഗാന്ധി
Tuesday, July 9, 2024 4:06 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ രാഹുൽ ഗാന്ധി ദു:ഖം രേഖപ്പെടുത്തി. ഒരു മാസത്തിൽ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രാഹുൽ പറഞ്ഞു.
പൊള്ളയായ പ്രസംഗങ്ങളിൽ നിന്നും വ്യാജ വാഗ്ദാനങ്ങളിൽ നിന്നുമല്ല, ശക്തമായ നടപടികളാണ് പരിഹാരം എന്ന് അദ്ദേഹം വ്യക്തമാക്കി. ജമ്മുകാഷ്മീരിലെ കത്വയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഏറ്റുമുട്ടലില്‍ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. കത്വയിലെ മച്ചേഡി മേഖലയില്‍ ഭീകരാക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. സൈനികര്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം രജൗരി, കുല്‍ഗാം മേഖലകളില്‍ ഭീകരാക്രമണം ഉണ്ടായിരുന്നു. രണ്ടിടങ്ങളിലായി രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും,ആറ് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.