ആദിവാസി ഊരിൽ നവജാതശിശു മരിച്ചു; അമ്മ ചികിത്സയിൽ
Monday, July 8, 2024 11:04 PM IST
തൃശൂര്‍: വാഴച്ചാല്‍ മുക്കുമ്പുഴ ആദിവാസി ഊരില്‍ മാസംതികയാതെ ജനിച്ച നവജാതശിശു മരിച്ചു. മുക്കമ്പുഴ ആദിവാസി ഊരിലെ സുബീഷിന്റെ ഭാര്യ മിനിക്കുട്ടിയാണ് തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ വനത്തിനുള്ളിൽ പ്രസവിച്ചത്.
ഏഴു മാസം ഗർഭിണിയായ യുവതി ഭർത്താവിനൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ രണ്ടു ദിവസം മുമ്പ് ഉൾക്കാട്ടിലേക്ക് പോയത്. കോളനിയിൽ നിന്നും കിലോമീറ്ററുകൾ അകലെ വനത്തിൽ വെച്ചാണ് മിനിക്കുട്ടിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.
തുടർന്ന് മൊബൈലിന് റേഞ്ചുള്ള സ്ഥലത്തെത്തിയാണ് സുബീഷ് വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചത്. ആരോഗ്യവകുപ്പ് അധികൃതരും വനപാലകരും സ്ഥലത്ത് എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.