പിഎസ്സി അംഗത്വത്തിന് 22 ലക്ഷം കോഴ; ആരോപണം ശരിയെന്നു സിപിഎം കണ്ടെത്തല്‍
Monday, July 8, 2024 8:08 PM IST
കോഴിക്കോട്: മന്ത്രി പി.എ.മുഹമ്മദ് റിയാസിനെയും സിപിഎമ്മിനെയും വെട്ടിലാക്കി കോഴ ആരോപണം. മന്ത്രി വഴി പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്.
സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയാണ് കോഴ വാങ്ങിയതെന്നാണ് ആരോപണം. സംഭവത്തില്‍ പ്രമോദ് കോട്ടൂളിക്കെതിരേ നടപടിക്ക് നാലംഗ കമ്മീഷനെ സിപിഎം നിയോഗിച്ചു.
ആരോപണത്തിന് പിന്നാലെ പ്രമോദിനെ സിപിഎം, സിഐടിയു പദവികളിൽ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചതായാണ് വിവരം. ഹോമിയോ ഡോക്ടർമാരായ ദമ്പതിമാരാണ് പിഎസ്സി അംഗത്വത്തിനായി 22 ലക്ഷം രൂപ നേതാവിന് കൈമാറിയത്.
മുഹമ്മദ് റിയാസിനു പുറമേ എംഎൽഎമാരായ കെ.എം.സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പേരുകളും നേതാവ് ഈ രീതിയില്‍ ഉപയോഗിച്ചതായി പരാതിയിലുണ്ട്. കോട്ടൂളിയിലെ പ്രമുഖ ക്ലബിന്റെ നേതൃസ്ഥാനത്തുള്ള ഇയാള്‍ക്കെതിരേ മുന്‍പും പല കോണുകളില്‍ നിന്നു വിമര്‍ശനമുയര്‍ന്നിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറിയുള്പ്പെടെയുള്ളവരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് ആരോപണ വിധേയൻ. അതിനാല്‍ തന്നെ പാര്‍ട്ടി ഇക്കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. പിഎസ്സി ലിസ്റ്റിൽ പരാതിക്കാരായ ഡോക്ടര്‍മാർ ഉൾപ്പെട്ടിരുന്നില്ല.
തുടർന്ന് ആരോപണ വിധേയൻ ആയുഷ് വകുപ്പിൽ ഉന്നത പദവി നൽകാമെന്ന് പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു. എന്നാൽ അതും നടന്നില്ലെന്നു മാത്രമല്ല നൽകിയ 22 ലക്ഷം രൂപ തിരികെ ലഭിച്ചതുമില്ല.
ഈ സാഹചര്യത്തിലാണ് ഡീൽ ഉറപ്പിക്കുന്നതിന്റെ ശബ്ദ സന്ദേശം ഉള്‍പ്പെടെ ദന്പതിമാർ പാര്‍ട്ടിക്ക് പരാതി നല്‍കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വം നടത്തിയ അന്വേഷണത്തിൽ പണം കൈമാറ്റം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.