എം.കെ.വർഗീസിന് ബിജെപി ചായ്വ്; തൃശൂർ മേയറെ മാറ്റണമെന്ന് സിപിഐ
Monday, July 8, 2024 4:53 PM IST
തൃശൂർ: മേയർ എം.കെ.വർഗീസിനെ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി വത്സരാജ്. മേയർക്ക് ബിജെപി ചായ്വാണെന്നും കേന്ദ്രസഹമന്ത്രി സുരേഷ്ഗോപിയെ പുകഴ്ത്തുന്നത് മേയർ തുടർന്നുകൊണ്ടിരിക്കുകയാണെന്നും വത്സരാജ് പറഞ്ഞു.
ഇടതുപക്ഷം പിന്തുണയ്ക്കുന്ന മേയര്‍ മനസില്‍ സുരേഷ് ഗോപിയോടുള്ള ആരാധനയും അതുവഴി ബിജെപിയെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന രാഷ്ട്രീയമാണ് സ്വീകരിക്കുന്നത്. എൽഡിഎഫ് ഇത് ഗൗരവമായിട്ട് കാണണം.തൃശൂരിലെ പരാജയത്തിന് ഒരു കാരണം മേയറുടെ നിലപാടുകളാണെന്ന് പറഞ്ഞ വത്സരാജ് തുടർ നടപടികൾ മേയറുടെ നിലപാടറിഞ്ഞ ശേഷമുണ്ടാകുമെന്നും അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് സുരേഷ് ഗോപിയെ പുകഴ്ത്തിയ മേയറുടെ നടപടി വിവാദമായിരുന്നു. വിജയത്തിന് പിന്നാലെ തൃശൂരിലെ ഹോട്ടലിൽ അവിചാരിതമായി മേയറും സുരേഷ് ഗോപിയും കണ്ടുമുട്ടിയിരുന്നു. എംപിയുടെ വികസനപ്രവർത്തനങ്ങൾക്ക് മേയർ പൂർണ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.
ദിവസങ്ങൾക്ക് മുൻപ് തൃശൂരിൽ നടത്തിയ ഒരു പരിപാടിയിൽ സുരേഷ് ഗോപിയെ പ്രശംസിച്ചുകൊണ്ട് മേയർ വീണ്ടും രംഗത്തെത്തിയിരുന്നു. എന്നാൽ സിപിഐയുടെ രാജി ആവശ്യം താൻ അറിഞ്ഞിട്ടില്ലെന്ന് മേയർ പറഞ്ഞു.