കരുവന്നൂര്‍ കേസ് രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണം; ഇഡിക്ക് ഹൈക്കോടതി നിര്‍ദേശം
Monday, July 8, 2024 12:18 PM IST
കൊച്ചി: കരുവന്നൂര്‍ കേസ് രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഇഡിക്ക് ഹൈക്കോടതി നിര്‍ദേശം. ചീഫ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസര്‍ക്കാണ് രേഖകള്‍ കൈമാറേണ്ടത്.
രണ്ട് മാസത്തിനുള്ളില്‍ തന്നെ രേഖകളിന്മേലുള്ള പരിശോധന ക്രൈംബ്രാഞ്ച് പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി ഇഡി കസ്റ്റഡിയിലെടുത്ത രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയിലാണ് കോടതി വിധി.
കരുവന്നൂരിലെ കള്ളപ്പണ ഇടപാടില്‍ അന്വേഷണം നടത്തുന്ന ഇഡി ഇത് സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. കരുവന്നൂരിലെ തട്ടിപ്പ് സംബന്ധിച്ച കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇഡി കസ്റ്റഡിയിലെടുത്ത രേഖകള്‍ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും ഇത് കൈമാറാന്‍ തയാറായിരുന്നില്ല.
രേഖകള്‍ കൈമാറിയാല്‍ കേസ് അട്ടിമറിക്കപ്പെടും എന്നായിരുന്നു ഇഡിയുടെ വാദം. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.