ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകണം; വിച്ഛേദിച്ച കണക്ഷൻ ഇന്ന് തന്നെ പുനഃസ്ഥാപിക്കും: കെഎസ്ഇബി
Sunday, July 7, 2024 4:25 PM IST
കോഴിക്കോട് : വൈദ്യുതി ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ച പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചത് ഇന്ന് തന്നെ പുനഃസ്ഥാപിക്കാമെന്ന് കെഎസ്ഇബി ചെയർമാൻ.
ആക്രമിച്ചയാളുടെ പിതാവിന്റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളതെന്നും സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണെന്നും ചെയർമാൻ വിവരിച്ചു.
ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ കണക്ഷൻ ഇന്നുതന്നെ നൽകാൻ കെഎസ്ഇബി തയാറാണെന്ന് ചെയർമാൻ വ്യക്തമാക്കി. ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരിൽ നിന്നും കെഎസ്ഇബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവന്‍ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്ഇബി ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയർ പരാതി പരിശോധിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷൽ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.