അവസാന നിമിഷം തുർക്കി വീണു; നെതർലൻഡ്സ് സെമിയിൽ
Sunday, July 7, 2024 4:03 AM IST
ബർലിൻ: യൂറോകപ്പ് ഫുട്ബോളിൽ തുർക്കിയെ 2-1നു തോൽപിച്ച് നെതർലൻഡ്സ് സെമിയിൽ. ഒരു ഗോളിന് പിന്നിട്ടുനിന്ന ഡച്ച് പട അവസാനനിമിഷമാണ് വിജയിച്ച് കയറിയത്.
35-ാം മിനിറ്റില്‍ സാമത്ത് അകയ്ഡിനാണ് തുര്‍ക്കിയ്ക്കായി ഗോളടിച്ചത്. 70-ാം മിനിറ്റില്‍ സ്റ്റീഫന്‍ ഡി വ്രിജിന്റെയും 76-ാം മിനിറ്റിലെ തുര്‍ക്കി താരം മെര്‍ട് മുള്‍ഡറുടെ സെല്‍ഫ് ഗോളുമാണ് നെതര്‍ലന്‍ഡ്സിനെ മുന്നിലെത്തിച്ചത്.
ആദ്യ പകുതിയില്‍ തിരിച്ചടിക്കാനുള്ള നെതര്‍ലന്‍ഡ്സിന്റെ എല്ലാ ശ്രമങ്ങളും തുർക്കി തടഞ്ഞു. പന്ത് കിട്ടിയ സന്ദര്‍ഭങ്ങളില്‍ ഡച്ച് ഗോള്‍മുഖം വിറപ്പിക്കാനും തുര്‍ക്കിക്ക് കഴിഞ്ഞു. അതോടെ ആദ്യ പകുതി ഒരു ഗോളിന് തുര്‍ക്കി മുന്നിട്ടുനിന്നു.
എന്നാൽ രണ്ടാം പകുതിയിൽ ഗ്രൗണ്ടിൽ എത്തിയ ഡച്ച് പട എങ്ങനെയും കളിവിജയിക്കണമെന്ന വാശിയിൽ ആക്രമണം അഴിച്ചു വിട്ടു. ശക്തമായ ആക്രമണത്തെ പ്രതിരോധിക്കാൻ കഴിയാതെ വന്നതോടെ 70-ാം മിനിറ്റില്‍ ആദ്യ ഗോൾ പിറന്നു.
76-ാം മിനിറ്റിൽ സെല്‍ഫ് ഗോളുകൂടി വന്നതോടെ നെതർലൻഡ്സ് സെമിയിലേക്ക് മാർച്ചു ചെയ്തു. ബുധനാഴ്ച നടക്കുന്ന സെമിയിൽ ഇംഗ്ലണ്ടാണ് നെതര്ഡലന്ഡ്സിന്റെ എതിരാളികള്‍.