പനിയില്‍ വിറങ്ങലിച്ച് കേരളം; മൂന്ന് മരണം കൂടി, രോഗികളുടെ എണ്ണം കൂടുന്നു
Saturday, July 6, 2024 7:39 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പനി മരണം കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ11,050 പേരാണ് പനിക്ക് ചികിത്സ തേടിയെത്തത്. ഇതിൽ 159 പേർക്ക് ഡെങ്കിപ്പനിയും 42 പേർക്ക് എച്ച്1എൻ1 ഉം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്. ഓരോ ദിവസവും പതിനായിരക്കണക്കിനാളുകളാണ് പനി ബാധിതരായി ആശുപത്രയിൽ ചികിത്സ തേടിയെത്തുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം കഴിഞ്ഞ അഞ്ചു ദിവസത്തിനിടയിൽ അരലക്ഷത്തിലേറെപ്പേർ ചികിത്സ തേടി വിവിധ ആശുപത്രികളിലെത്തി.
കഴിഞ്ഞ ദിവസം വരെ 55,830 പേർക്കാണ് പനി സ്ഥിരീകരിച്ചത്. അഞ്ചു ദിവസത്തിനിടയിൽ 493 പേർക്ക് ഡെങ്കിപ്പനിയും 69 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 158 പേർക്ക് എച്ച്-1എൻ-1 ഉം സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് മൂന്നു പേരും എച്ച്-1എൻ-1 ബാധിച്ച് മൂന്നു പേരും കഴിഞ്ഞ അഞ്ചു ദിവസത്തിനിടയിൽ മരിച്ചു.
പനി ബാധിച്ചവരുടെ എണ്ണം സംബന്ധിച്ച കണക്കുകൾ സർക്കാർ പുറത്തു വിടുന്നില്ലെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പ് കണക്കുകൾ പ്രസിദ്ധീകരിച്ചത്.